പുസ്തക നിരൂപണം: നമ്മുടെ ഭാഷ, ഇ എം എസ് നമ്പൂതിരിപ്പാട്, കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, 2006.

(പത്തുകൊല്ലത്തോളം പഴയ ഒരു ലേഖനമാണിത്)

മലയാളത്തെ ക്ലാസിക്കല്‍ ഭാഷയായി അംഗീകരിക്കണമെന്ന് കേരള സര്‍ക്കാരും ഇവിടത്തെ രാഷ്ട്രീയക്കാരും ബുദ്ധിജീവികളുമൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. നവകേരള ശില്പിയായി പലരും കണക്കാക്കുന്ന ഇ എം എസ് മലയാളഭാഷയെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഭാഷാനൈപുണി പണ്ഡിതരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. ക്ലാസിക്കല്‍ പദവിക്കുവേണ്ടി ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഇ എം എസ് പണ്ടേ എന്തു പറഞ്ഞു എന്നു നോക്കുന്നത് പ്രസക്തമാണ്.  ഇതിനായി മലയാളഭാഷയെക്കുറിച്ചുള്ള ഇ എം എസ് ലേഖനങ്ങളുടെ സമാഹാരമായ നമ്മുടെ ഭാഷ എടുക്കാവുന്നതാണ്. നാല്പതുകള്‍ മുതല്‍ തൊണ്ണൂറുകൾ വരെ ഇ എം എസ് ഭാഷാസംബന്ധിയായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. യൂനിവേഴ്സിറ്റി തലത്തിലെ പാഠപുസ്തകം എന്നനിലയ്ക്കു ഇന്ത്യാ ഗവണ്മെന്റിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകം 1997-ലാണ് ആദ്യ എഡിഷന്‍ ഇറങ്ങിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ എം ഫില്‍ സിലബസിൽ ഈ പുസ്തകം ഉണ്ടെന്നു കേട്ടിട്ടുണ്ട്.

പന്ത്രണ്ടു കൊല്ലം മുമ്പ് ഇറങ്ങിയ ഈ പുസ്തകം ഇപ്പോള്‍ നിരൂപണം ചെയ്യുന്നതിന് മേല്‍പ്പറഞ്ഞ ക്ലാസിക്കൽ പദവിയുമായി ബന്ധപ്പെട്ടല്ലാതെ എന്തെങ്കിലും പ്രസക്തിയുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഒരെഴുത്തുകാരന്‍റെ വിവിധകാലത്തെ രചനകളെ സമാഹരിച്ചു പുസ്തകമാക്കുന്നവര്‍ ആ എഴുത്തുകാരനോട് കുറച്ചെങ്കിലും മമത പുലര്‍‌ത്തേണ്ടതിന്‍റെ ആവശ്യകത  ഈ പുസ്തകം വ്യക്തമാക്കുന്നു.  എഴുത്തുകാരനോട് ഒട്ടും മമതപുലര്‍‌ത്താത്ത എഡിറ്റർ പൂര്‍ണ്ണപരാജയമാണെന്ന് ഈ സമാഹാരം തെളിയിക്കുന്നു. ഒന്നാം പതിപ്പിന്റെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്.

"ഇ. എം. എസിന്റെ ഭാഷാദര്‍ശനം അദ്ദേഹത്തിന്റെ രാഷ്ട്രീയദര്‍ശനത്തിന്റെ ഭാഗമാണ്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഏത് പുത്തന്‍ ആശയവും സമൂഹത്തിലെ 'അണ്ടനും അടകോടനും' കൂടി മനസ്സിലാകണം എന്ന നിഷ്കര്‍ഷയാണ് ആ ഭാഷാദര്‍ശനത്തിന്റെ കാതല്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ഏതു ഗഹനമായ വിഷയവും ഏറ്റവും ലളിതമായി ജനങ്ങളോടു സംസാരിച്ച ആചാര്യന്മാര്‍ രണ്ടു പേരാണ്. ശ്രീനാരായണഗുരുവും ഇ. എം. എസ്. നമ്പൂതിരിപ്പാടും. ഇ. എം. എസ്സിന്റെ ഭാഷാചിന്തകളെ സമാഹരിച്ച് ഭാഷാസ്നേഹികളുടെ കൈയിലെത്തിക്കുക എന്ന വിശിഷ്ടകര്‍മ്മമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തിരിക്കുന്നത്.

ഒരു ഡോ. എം. ആര്‍. തമ്പാനും  ഒരു വി. പദ്മനാഭനും ചേര്‍ന്നാണ് ഈ ആമുഖം എഴുതിയത്. ഇങ്ങനെയൊക്കെ ആമുഖത്തിലുണ്ടെങ്കിലും ഇ എം എസ്സിന്‍റെ ബൃഹത്തായ രചനാലോകത്തിലെ ഭാഷാചിന്തകളെ ഈ വിധം സമാഹരിച്ചവര്‍ ആരായാലും അവര്‍ക്ക് അദ്ദേഹത്തോട് കൊടിയ പകയുണ്ടെന്നു വേണം വിചാരിക്കാന്‍. അല്ലെങ്കില്‍ വെറും ഇരുന്നൂറ് പേജുള്ള ഈ പുസ്തകത്തില്‍ വിവിധകാലങ്ങളിൽ ഇദ്ദേഹം നടത്തിയ വിരുദ്ധോക്തികള്‍ മുഖാമുഖം, പലപ്പോഴും ഏതാനും പേജുകളുടെ ഇടവേളയില്‍,  പല്ലിളിച്ചു നില്ക്കുംവിധം ഈ പുസ്തകം സമാഹരിക്കുമായിരുന്നോ. ഇ എം എസ്സിന് അഭിപ്രായവും നിലപാടുകളും ഇരുമ്പുലക്കയായിരുന്നില്ലെന്നത് പ്രസിദ്ധമാണ്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രായോഗികമതിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് അഭിപ്രായം മാറ്റേണ്ടിവന്നേക്കും. എന്നു കരുതി വിവിധ കാലത്തെ വിവിധ നിലപാടുകളെ ഒരു പുസ്തകത്തില്‍ സമാഹരിക്കുമ്പോള്‍ എഴുത്തുകാരനോട് കുറച്ചൊക്കെ അനുഭാവം വേണ്ടേ? രാഷ്ട്രീയപ്രശ്നങ്ങളല്ല അക്കാദമിക് വിഷയമാണെങ്കിൽ പ്രത്യേകിച്ചും. ഏതാനും ഉദാഹരണങ്ങൾ ഇതാ:

കേരളപാണിനീയവിമര്‍ശനം എന്ന ലേഖനത്തില്‍നിന്നാണ് ഈ ഉദ്ധരണി.

ക്രിസ്തുമത പ്രചാരണത്തിനുവേണ്ടി മലയാളം പഠിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയത വിദേശീയരും സ്വദേശീയരുമായ മിഷനറിമാരാണ് മലയാളഭാഷയ്ക്ക് ഒരു വ്യാകരണം രൂപപ്പെടുത്തുക എന്ന സംരംഭം തുടങ്ങിവെച്ചത്. പിന്നീട്, മലയാളികളായ പല പണ്ഡിതന്മാരും മലയാളത്തിന് ഒരു വ്യാകരണമുണ്ടാക്കാൻ ശ്രമിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് എ ആര്‍ രാജരാജവര്‍മ്മ എഴുതിയ കേരളപാണിനീയം. (പുറം 168) (11.08.96 ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനമാണത്രെ ഇത്.)

എന്നാല്‍ ഇതേ പുസ്തകത്തിൽ നാലു താളുകള്‍ക്കപ്പുറം കാണുന്ന ഈ പ്രസ്താവം നോക്കൂ.

കേരളപാണിനി എന്നറിയപ്പെടുന്ന  എ ആര്‍ രാജരാജവര്‍മ്മയ്ക്കുമുമ്പ് മലയാളഭാഷയ്ക്ക് ഒരു വ്യാകരണമോ രചനാരീതിശാസ്ത്രമോ ഉണ്ടായിരുന്നില്ല. അതു രണ്ടും രൂപപ്പെടുത്തിയത് സാഹിത്യസാഹ്യം, ഭാഷാഭൂഷണംകേരളപാണിനീയം മുതലായ കൃതികളുടെ കര്‍ത്താവായ ഏ ആര്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മലയാളശൈലി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ കുട്ടികൃഷ്ണമാരാരും രംഗത്തുവന്നു.(പുറം 172)

എന്റെ ഭാഷ എന്നു പേരുള്ള ഈ ലേഖനം, ദേശാഭിമാനി വാരികയിൽ  19.03.95നു പ്രസിദ്ധീകരിച്ചതാണത്രെ.

എ ആറിനുമുമ്പ് മലയാളഭാഷയ്ക്ക് ഒരു വ്യാകരണമോ രചനാരീതിശാസ്ത്രമോ ഉണ്ടായിരുന്നില്ല എന്ന് ഏ ആറിനെ വായിച്ച ഒരാള്‍ പറയുമോ, അങ്ങനെ പറയുന്നയാളെ ഭാഷാചിന്തകന്‍ എന്നു പറയാമോ, അങ്ങനെ പറയുന്ന ഒരു പുസ്തകം പാഠപുസ്തകം എന്ന നിലയ്ക്ക് അച്ചടിക്കാമോ, അത് ഒരു യൂനിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്താമോ എന്നൊക്കെയുള്ള ചോദ്യങ്ങളെ വിടാം. ഇത്തരം ചോദ്യങ്ങള്‍ പ്രാഗ്മാറ്റിക് രാഷ്ട്രീയത്തിന്റെ പ്രയോക്താവായിരുന്ന ഇ എം എസ്സിനെ സംബന്ധിച്ച് അപ്രസക്തമാണെന്നു തോന്നുന്നു. അക്കാഡമികമായ കണിശതകള്‍ക്ക് ഇ എം എസ്സിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമില്ല. അത് അദ്ദേഹത്തിന്റെ കൃതികളുടെ സ്വഭാവമായിരുന്നാലും അദ്ദേഹത്തിന്‍റെ കൃതികളെ സമീപിക്കുന്നവരുടെ നിലപാടായിരുന്നാലും ശരി. കേരള സര്‍വ്വകലാശാലയിൽ ആശാൻ സ്മാരക പ്രഭാഷണം മൂന്നുദിവസങ്ങളിലായി നിര്‍വ്വഹിച്ച ഇ എം എസ് ദുരവസ്ഥയില്‍നിന്നു ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന വരികള്‍ ദീര്‍ഘമായി ഉദ്ധരിക്കുമ്പോഴും പറഞ്ഞത് ആശാന് ദ്വിതീയാക്ഷരപ്രാസം പോലുള്ള കാവ്യസങ്കേതങ്ങളോട് വിപ്രതിപത്തി ഉണ്ടായിരുന്നെന്നും ദുരവസ്ഥയില്‍ അവ ഉപയോഗിച്ചില്ലെന്നുമാണ്.  (ആശാന്‍സ്മാരക പ്രഭാഷണം, 1980) ഇങ്ങനെയൊക്കെ പറയുന്ന ആളായിരുന്നു ഇ എം എസ്  എങ്കിലും എല്ലാ സര്‍വ്വകലാശാലകളും അദ്ദേഹത്തെ ആദരിക്കേണ്ടിവന്നു. ഇതാ അടുത്ത കാലത്ത് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അദ്ദേഹത്തിനു സ്മാരകം പണിയാൻ നിശ്ചയിച്ചിരിക്കുന്നു.

ഏതായാലും രാജരാജവര്‍മ്മയ്ക്ക് നാലുദശകം മുമ്പ് ഗുണ്ടെര്‍ട്ട് എഴുതിയ വ്യാകരണം പഠിക്കേണ്ടുന്ന വിദ്യാര്‍ത്ഥികളും അതു പഠിപ്പിക്കേണ്ടുന്ന അദ്ധ്യാപകരും (അവരാണല്ലോ സിലബസ് നിശ്ചയിക്കുക) ഇതിലൊന്നും ഒരു കുഴപ്പവും കാണുന്നില്ലെന്നത് എന്തിന്റെയൊക്കെ സൂചനയാണെന്ന്  ആലോചനയ്ക്കു വകയുണ്ട്. ഈ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മലയാളം വിഭാഗം പ്രസിദ്ധീകരിച്ച ഒരു ഗവേഷണഗ്രന്ഥത്തെ വിമർശിച്ചുകൊണ്ട് നമ്പൂതിരിപ്പാട് 1996-ൽ ദേശാഭിമാനി വാരികയിലെഴുതിയ ഒരു ലേഖനവും ഇതിൽ കൊടുത്തിട്ടുണ്ട്. അതിൽ ഇങ്ങനെ കാണാം.

പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്.

മലയാളം പഠിക്കുന്നവരെ ചിരിപ്പിക്കാൻ പോന്നതാണ് ഈ പ്രസ്താവം. ഇതിനു ന്യായമായി ഇ എം എസ് പറയുന്നത് കേരളം അന്നു തമിഴകത്തിന്റെ ഭാഗമായിരുന്നു എന്നും ചെന്തമിഴും കൊടുന്തമിഴുകളും ആയിരുന്നു അന്നത്തെ ഭാഷയെന്നുമാണ്. ആധുനികതമിഴും മലയാളവുമടക്കമുള്ള ഭാഷകൾ അന്നു രൂപപ്പെട്ടിരുന്നില്ല. ആ സ്ഥിതിക്ക് പ്രാചീനമലയാളസാഹിത്യം എന്നത് തികച്ചും അയഥാർത്ഥമായ ഒരു സങ്കൽപ്പമാണത്രേ. ആധുനിക മലയാളം അന്നുണ്ടായില്ലെന്നത് പ്രാചീനമലയാളസാഹിത്യം എന്നൊന്നില്ലെന്നതിനു ന്യായമാവുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല. പ്രാചീന മലയാളത്തെ "ആധുനിക മലയാളത്തിന്റെ മുൻഗാമി"യെന്നു വിളിക്കണമെന്നാണ് ഇ എം എസ് പറയുന്നത്. ഓൾഡ് ഇംഗ്ലീഷിനെ ആധുനിക ഇംഗ്ലീഷിന്റെ മുൻഗാമിയെന്നും ഓൾഡ് ഫ്രെഞ്ചിനെ ആധുനിക ഫ്രെഞ്ചിന്റെ മുൻഗാമിയെന്നുമൊക്കെ വിളിച്ചു തൃപ്തിയടയണമെന്നുള്ളവർക്ക് അങ്ങനെയൊക്കെ ആവാം.  അതിനു പക്ഷേ അക്കാഡമിക് ലോകത്ത് സ്ഥാനമൊന്നുമില്ല. എന്തൊക്കെ യുക്തി ഉപയോഗിച്ച് ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രാചീന മലയാള സാഹിത്യം എന്ന സംജ്ഞകൊണ്ടുദ്ദേശിക്കുന്ന കാര്യം അയഥാർത്ഥമായ സങ്കല്പമാണ് എന്ന് ഒഴുക്കൻ മട്ടിൽ പറയുന്ന, അശ്രദ്ധമായി എഴുതിയ ഒരു ലേഖനത്തിന് അക്കാദമിക ഗവേഷണ രംഗത്ത് വിശ്വാസ്യതയില്ല. ഇ എം എസ്സിന്‍റെ ഭാഷാചിന്തകള്‍ സമാഹരിക്കുമ്പോള്‍ ഒരു എഡിറ്റര്‍ എഴുത്തുകാരനോട് പുലര്‍ത്തേണ്ടുന്ന മമത ഈ പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍ പുലര്‍ത്തിയിരുന്നെങ്കില്‍ ആ ലേഖനം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തില്ലായിരുന്നു.

എന്നു മാത്രമല്ല ഇ എം എസ് എക്കാലവും മലയാളത്തെപ്പറ്റി പറയാൻ ഉപയോഗിച്ച ലളിത പാഠം- ചെന്തമിഴെന്ന ഒരു വരേണ്യഭാഷയും കൊടുന്തമിഴെന്ന സംസാരഭാഷകളും, അതിൽ കൊടുന്തമിഴുകളിൽ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തിൽപ്പെട്ട് മലയാളഭാഷയായി മാറി- ഗവേഷകവിദ്യാർത്ഥികൾക്ക് പോയിട്ട് സ്കൂൾക്കുട്ടികൾക്കുപോലും പ്രയോജനം ചെയ്യില്ല. ഇതൊക്കെ വല്ല പാർട്ടി സ്റ്റഡിക്ലാസിലും മാത്രം ഫലിക്കുമായിരിക്കും.

ബ്രാഹ്മണമേധാവിത്വത്തിലുള്ള ജാതിവ്യവസ്ഥ വടക്കേഇന്ത്യയിൽ രൂപപ്പെട്ട് തെക്കേഇന്ത്യയിലേക്ക് വ്യാപിച്ചുതുടങ്ങിയതിന്റെ ഭാഗമായി ചെന്തമിഴിനോടൊപ്പം സംസ്കൃതവും തെക്കേഇന്ത്യയിലെ ഭരണ-സാഹിത്യഭാഷയായി ഉയരാൻ തുടങ്ങി. കൊടുന്തമിഴുകളിൽ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തിൽപ്പട്ട് സാഹിത്യഭാഷയായി മാറാൻ തുടങ്ങി... ഈ പ്രക്രിയയിലൂടെയാണ് കൊടുന്തമിഴുകളിൽ ചിലത് മലയാളവും മറ്റുചിലത് ആധുനികതമിഴുമായി രൂപപ്പെട്ടത്.” (പേജ് 52)

ഭാഷയുടെ കാര്യത്തിലുണ്ടായ ഈ വളർച്ചയെത്തുടർന്നാണ് [കൊടുന്തമിഴ് മലയാളമാവുന്ന പതിവു ലളിതപാഠം തന്നെ] ജാതി-ജന്മി-നാടുവാഴി മേധാവിത്വമെന്ന് ഞാൻ വിളിക്കുന്ന കേരളത്തിലെ ഫ്യൂഡൽ വ്യവസ്ഥ രൂപപ്പെട്ടത്. (പേജ് 24)

ആദ്യം പറയുന്നത് ജാതിവ്യവസ്ഥ വടക്കേഇന്ത്യയിൽനിന്ന് എത്തിയതിനുശേഷമാണ് ഭാഷയിൽ ഈ മാറ്റം വന്നതെന്നാണ്. പിന്നെ പറയുന്നതോ, ആദ്യം ഭാഷയുണ്ടായി പിന്നീട് ജാതി- ജന്മി- നാടുവാഴി മേധാവിത്വമുണ്ടായി.

അശ്രദ്ധമായി നടത്തുന്ന പ്രഭാഷണങ്ങളും പത്രമിറങ്ങേണ്ടുന്ന സമയപരിധിയുടെ സമ്മര്‍ദ്ദത്തിലെഴുതിയ ലേഖനങ്ങളും മാത്രമാണോ ഇ എം എസ് കൃതികള്‍? ഇ എം എസ് കൃതികളെ വായിച്ച് ഉചിതമായത് തിരഞ്ഞെടുക്കുന്നതിനു പകരം കിട്ടിയതെല്ലാം വാരിവലിച്ചു നിറച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍ എന്ന് പരസ്പര വിരുദ്ധമായ ഈ ഉദ്ധരണികൾ തെളിയിക്കുന്നു.

എന്നാല്‍ ഇതൊന്നുമല്ല ഈ കൃതിയിൽ എഡിറ്ററന്മാർ ചെയ്തുവെച്ച ഏറ്റവും ക്രൂരപ്രവൃത്തി. ഇ എം എസ് ഒരിക്കൽ (ഒരുപക്ഷേ പലവുരു) പറയുകയും പിന്നെ തീര്‍ത്തും തള്ളിക്കളയുകയും (പിന്നെ വീണ്ടും പറയുകയും) ചെയ്ത ഒരാശയമടങ്ങുന്ന ലേഖനം ഇതിലുൾപ്പെടുത്തിയതാണത്. ഈ പുസ്കത്തിലെ രണ്ടാമത്തെ ലേഖനം ഇ എം എസിന്‍റെ മാഗ്നം ഓപ്പസ് എന്നു പറയപ്പെടുന്ന കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയില്‍നിന്നുള്ള വെറും നാലുപേജ് വരുന്ന ഒരു ശകലമാണ്. സ്വതന്ത്ര കേരളത്തിന്റെ ഉദ്ഭവം എന്ന തലക്കെട്ടോടെ കൊടുത്തിരിക്കുന്ന ഖണ്ഡത്തിൽ പറയുന്നതെല്ലാം എഴുതി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഇ എം എസ് തിരുത്തിപ്പറഞ്ഞ സംഗതികളാണ്. കേരളത്തില്‍ പുരാതനകാലത്ത് ജീവിച്ചിരുന്ന നായന്‍മാരും വടക്കേ ഇന്ത്യയില്‍നിന്നു വന്ന ആര്യന്മാരായ ബ്രാഹ്മണരും തമ്മിലുള്ള സംഘര്‍ഷവും ഐക്യവും ഈ സംഘര്‍ഷത്തിൽ ബ്രാഹ്മണര്‍ക്കു കൈവന്ന മേല്‍ക്കോയ്മയും ആണ് കേരളത്തിന്‍റെ ഉദ്ഭവത്തിനു കാരണമെന്ന സിദ്ധാന്തമാണ് ഈ ലേഖനം വിളമ്പുന്നത്. ഈ ശകലം അവസാനിക്കുന്നതിങ്ങനെ.

നാനാജനസമുദായങ്ങള്‍ താമസിച്ചിരുന്ന കേരളത്തിൽ പൊതുവെഅതിന്റെ ഒരറ്റം മുതൽ മറ്റേഅറ്റംവരെ നീണ്ടു കിടക്കുന്നഒരു ഭരണസമ്പ്രദായവും സാമൂഹ്യവ്യവസ്ഥയും സംസ്കാരവും ഉളവായതും ഇവിടത്തെ ഏറ്റവും വളര്‍ച്ചയെത്തിയ ജനസമുദായവും (നായന്മാര്‍) ബ്രാഹ്മണരും തമ്മില്‍ നടന്ന സംഘട്ടനത്തിന്‍റെയും യോജിപ്പിന്‍റെയും ഫലമാണ്. (പേജ് 18)

1948-ൽ ഇങ്ങനെ എഴുതിയ ഇ എം എസ് ഈ വീക്ഷണം 1952-ൽ തന്നെ തിരുത്തുകയും പുറത്തുനിന്നു വന്ന ഒരു സമുദായത്തിനും നിര്‍ണ്ണായകമായ പങ്കു വഹിക്കാനാവില്ലെന്നു ചില മാര്‍ക്സിസ്റ്റു വൈരുധ്യ തത്ത്വങ്ങളുടെ ചുവടുപിടിച്ചു പറയുകയും ചെയ്തു. അതിന്നനുസൃതമായി ഒരു സമുദായവും പുറത്തുനിന്നു വന്നതല്ലെന്നും ഇവിടെത്തന്നെ ഉരുത്തിരിഞ്ഞതാണെന്നും അദ്ദേഹം വാദിക്കുകയും ചെയ്തു. ചുരുക്കത്തില്‍ 1948 ലെ നിലപാട് അദ്ദേഹം പാടേ തള്ളിക്കളഞ്ഞതാണ്. പുതിയ നിലപാട് ഇദ്ദേഹത്തിന്‍റെ ചരിത്രപരമായ ഒരു പ്രധാന സംഭാവയാണെന്നൊക്കെ കെ എം പണിക്കര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എഡിറ്റു ചെയ്യുന്ന ഗ്രന്ഥകാരന്‍റെ കൃതികളെക്കുറിച്ച് എള്ളോളം ധാരണയില്ലാതെ പുസ്തകം ഇറക്കാന്‍ പുറപ്പെട്ടാൽ ഇങ്ങനെയിരിക്കും. ഈ കൃതിക്ക് ഇ എം എസ് തന്നെ ഒരു മുഖവുര എഴുതിയിട്ടുണ്ട്. ഏതൊക്കെ ലേഖനങ്ങളാണ് ഇതിലുള്ളതെന്ന് അദ്ദേഹം നോക്കിയിരുന്നോ എന്നാര്‍ക്കറിയാം.  

വെണ്‍മണി പ്രസ്ഥാനത്തെപ്പറ്റി ഈ പുസ്തകത്തിൽ അവിടെയുമിവിടെയും കാണുന്ന ചില പരാമര്‍ശങ്ങൾ സാഹിത്യലോകവും മുരടൻ രാഷ്ട്രീയവും തമ്മിലെന്ത് എന്ന് വിദ്യാര്‍ത്ഥികളെ ചിന്തിപ്പിക്കുമെന്നൊരു പ്രയോജനമുണ്ട്. വെണ്‍മണിയെപ്പറ്റി പറയുന്നിടത്തെല്ലാം നല്ലതൊന്നും പറയാനില്ലാതെ മൃഗീയ കാമവികാരം, കാമവൈകൃതം, ഭോഗാസക്തി എന്നൊക്കെ ഇ എം എസ് ആരോപിക്കുന്നത് മുരടൻ വരട്ടുവാദമല്ലേ? അരുന്ധതീ റോയിയുടെ നോവലിനെപ്പറ്റി നല്ലതു പറഞ്ഞതിന്റെ പേരില്‍ അവരുടെ അമ്മ മേരി റോയിക്കെതിരെ ലൈംഗിക വൈകൃതം പരോക്ഷമായി ആസ്വദിക്കുന്നു എന്ന ആരോപണം ഇ എം എസ് എറിഞ്ഞതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

 മിക്ക രാഷ്ട്രീയക്കാര്‍ക്കും അത്ര വഴങ്ങുന്ന കലയല്ല എഴുത്ത്. വാസ്കോ ഡ ഗാമയെ (ഡ ഗാമ എന്നാണ് സാധാരണമായി അറിയപ്പെടുക) വാസ്കോഡിഗാമ എന്ന് ഇ എം എസ് എഴുതിയിട്ടുണ്ട് മലയാളഭാഷ ഇന്നും നാളെയും (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരന്റെ മലയാളത്തിൽമലയാള ഭാഷ) എന്ന ലേഖനത്തിൽ. പ്രൊഫസറായ എന്‍ വി പി ഉണിത്തിരി ഇ എം എസ്സിനെ ശ്ലാഘിച്ചുകൊണ്ട് എഴുതിയ അനുബന്ധത്തിലും ഇങ്ങനെ ഒരു ഓഡിഗാമയെപ്പറ്റി പറഞ്ഞത് മോശമായിപ്പോയി. അല്ല, ഇനിയത് തദ്ഭവമാണെന്നു പ്രൊഫസര്‍ പറഞ്ഞേക്കുമോ എന്നറിയില്ല.

കാലാനുക്രമമായിട്ടല്ല ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഈ സമാഹാരത്തിലെ ഏറ്റവും പ്രധാന ലേഖനമായി പറയാവുന്ന മലയാളഭാഷ കേരളപാണിനിയുടെ കാലത്തും അതിനുശേഷവും എന്ന പ്രഭാഷണം 1989-ല്‍ നിര്‍വ്വഹിച്ചതാണെങ്കിൽ തൊട്ടടുത്തു വരുന്ന മലയാളികളുടെ മലയാളം എന്ന ലേഖനം 1979-ലേതാണ്. എന്നാല്‍ രണ്ടിലും വള്ളിപുള്ളി വിടാതെ ഉള്ളടക്കം പേജുകളോളം ആവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രബന്ധാവതരണത്തിനു ക്ഷണിക്കപ്പെട്ടാൽ പ്രസിദ്ധീകരിക്കാത്ത കൃതി അവതരിപ്പിക്കണമെന്നാണ് അക്കാദമിക് മര്യാദ. ഇതുപക്ഷേ കേരളത്തിൽ പൊതുവേ പാലിക്കാറില്ല. ഒരു സെമിനാറില്‍ ബൌദ്ധികസ്വത്താവകാശത്തെപ്പറ്റി അവതരിപ്പിച്ച പ്രബന്ധത്തിൽ തന്റെ സുഹൃത്തിന്റെ പ്രസിദ്ധീകൃത ലേഖനം അപ്പടി കോപ്പിയടിച്ചതിനു ഈ ലേഖകന്‍ കേരള സര്‍വ്വകലാശാലയുടെ മുൻ വൈസ്ചാന്‍സലറായ പണ്ഡിതനെ കയ്യോടെ പിടികൂടിയിട്ടുണ്ട്. ഹയര്‍ എഡ്യുക്കേഷൻ കൌണ്‍സിലിന്റെ വെബ്‌സൈറ്റിൽ ഇപ്പോഴും ആ കോപ്പിയടി പ്രബന്ധം വായിക്കാം. എങ്കിലും ഇ എം എസ്സിന്റെ പത്തുകൊല്ലം ഇടവിട്ടുള്ള പ്രബന്ധങ്ങൾ ചേര്‍ത്തുവെച്ച എഡിറ്ററന്മാര്‍ക്ക് ഇ എം എസ്സിനോടുള്ള താല്പര്യം ചില്ലറയല്ല!

വൃത്തിയായി എഴുതിയ ലേഖനങ്ങള്‍ ഇ എം എസ് എഴുതിയിട്ടില്ലെന്നാണ് ഇതില്‍  എഡിറ്ററന്മാര്‍ നിറച്ചുവെച്ചിരിക്കുന്ന ചപ്പുംചവറും കണ്ടാല്‍ തോന്നുക. അത്യാവശ്യം വായനയുള്ള ഏതു മലയാളിക്കും പരിചിതമായിക്കഴിഞ്ഞ വൈരുദ്ധ്യാത്മക ഭൌതികവാദമെന്ന പദം ഇ എം എസ്സിന്റെ തൂലികയില്‍നിന്നുടലെടുത്തതാണെന്ന് പത്രഭാഷ എന്ന ലേഖനം വ്യക്തമാക്കുന്നു. ആദ്യകാലത്ത് ഹിന്ദിയെ അനുകരിച്ച് ദ്വന്ദ്വാത്മക ഭൌതികവാദമെന്നു പറഞ്ഞിരുന്നതിനെ വൈരുധ്യാത്മകമെന്നു തിരുത്തുന്നതിലേക്കു നയിച്ച സാഹചര്യം ഇ എം എസ് അവിടെ വിവരിക്കുന്നുണ്ട്.

അതേസമയം മൌലികമെങ്കിലും പ്രത്യയശാസ്ത്രബന്ധിതമാകയാല്‍ യോജിക്കാനാവാത്ത നിലപാടുകളും ഈ സമാഹാരത്തിൽ ധാരാളം കാണാം. ലളിതമായ ഉദാഹരണം പറയുകയാണെങ്കില്‍, ഐഡിയോളജി എന്ന പദവും അതിന്റെ വിവിധ നിഷ്പന്നരൂപങ്ങളും പ്രത്യയശാസ്ത്രം അല്ലെങ്കില്‍ ആശയശാസ്ത്രം എന്നീ പദങ്ങള്‍ക്കു കീഴില്‍ പോവില്ലെന്ന ഇ എം എസ്സിന്റെ ശാഠ്യം നോക്കുക. ചൂഷകവര്‍ഗ്ഗത്തിനും ചൂഷിതവര്‍ഗ്ഗങ്ങള്‍ക്കും വിഭിന്നങ്ങളായി ഐഡിയോളജികള്‍ ഉള്ളതിനാല്‍ സന്ദര്‍ഭത്തിനനുസരിച്ച്  ഐഡിയോളജിക്ക് വെവ്വേറെ മലയാളപദങ്ങള്‍ വേണമെന്നാണ് ഇ എം എസ്സിന്റെ നിലപാട്.  Ideological struggle എന്നതിലെ വര്‍ഗ്ഗപരമായ വിവക്ഷ പ്രത്യയശാസ്ത്ര സമരം എന്നതില്‍ നഷ്ടപ്പെടുമെന്നും അവിടെ അതിനാല്‍ പ്രത്യയശാസ്ത്രം തെറ്റായിരിക്കുമെന്നും ആശയസമരം എന്നു വേണമെന്നും അദ്ദേഹം പറയുന്നു. ചിലയിടത്ത് ആശയസംഹിത എന്നാണു വേണ്ടതെന്നും അദ്ദേഹം പറയുന്നു. ഈ വാദം ഭാഷ arbitrary ആണ് എന്ന ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പത്തെ നിരാകരിക്കുന്നു. ഐഡിയോളജി എന്ന ഇംഗ്ലീഷ് പദം എന്തെല്ലാം അര്‍ത്ഥങ്ങള്‍ പേറാന്‍ പ്രാപ്തിയുള്ളതാണോ ആ അര്‍ത്ഥങ്ങളെല്ലാം തന്നെ ഐഡിയോളജിക്കു മൊഴിമാറ്റമായി മലയാളത്തിലുപയോഗിക്കുന്ന ഏതു പദത്തിനും പേറാനാവും. സന്ദര്‍ഭത്തിനനുസരിച്ചു പദങ്ങള്‍ മാറ്റുക എന്നത് വികലമായ കാഴ്ചപ്പാടാണ്.  fatherland/motherland എന്നു കമ്യൂണിസ്റ്റുകാരും ബൂര്‍ഷ്വാകളും ഉപയോഗിച്ചിട്ടുണ്ട്. ഇതു കമ്യൂണിസ്റ്റുകാരുടെ സംജ്ഞയാണെന്നും ബൂര്‍ഷ്വാകള്‍ ഇങ്ങനെ പറയുമ്പോൾ അതിനെ മാതൃരാജ്യം എന്നു പറയാന്‍ പാടില്ലെന്നും അമ്മായിയമ്മ രാജ്യമെന്നു പറയണമെന്നും പറയുംപോലെയാണിത്. അല്ലെങ്കില്‍ ഫിലോസഫി എടുക്കുക. ഫാഷിസ്റ്റുകള്‍ക്കും ഫിലോസഫിയില്ലേ. ഫാഷിസ്റ്റുകളുടെ ഫിലോസഫിയെപ്പറ്റി പറയുമ്പോള്‍ ഫിലോസഫി എന്നല്ലാതെ വേറെ വല്ല പദവുമാണോ ഉപയോഗിക്കുക? പ്രായോഗികരാഷ്ട്രീയത്തിലേര്‍പ്പെടുന്നവർ അക്കാദമികമോ അതിന്റെ ഏഴയലത്തെവിടെയെങ്കിലുമോ ഉള്ള വ്യവഹാരങ്ങളിൽ കോയ്മയുണ്ടെന്നു വരുത്താനായി കടന്നുകയറി ഉന്നയിക്കുന്ന ദുശ്ശാഠ്യങ്ങള്‍ക്ക് വൈജ്ഞാനികമേഖലയിൽ ഒരു സ്ഥാനവുമില്ലെന്നും ഈ സമാഹാരം വ്യക്തമാക്കുന്നു.

ഇ എം എസ്സിന്റെ സൈദ്ധാന്തികമായ സംഭാവനകളെ വിലയിരുത്താന്‍ ശ്രമിച്ചവരില്‍ മിക്കവരും എടുത്തുപറയുന്ന കാര്യമാണ് അദ്ദേഹത്തിന്റെ ഭാഷാചിന്തകളുടെ മൌലികത. ഇ എം എസ് ഭാഷ, ഭാഷാപഠനം, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരം ഇക്കാര്യം വ്യക്തമാക്കാനുദ്ദേശിക്കുന്നതാവേണ്ടിയിരുന്നു. എന്നാല്‍ ഈ പുസ്തകം ഈ ഉദ്ദേശ്യം നിറവേറ്റുന്നില്ലെന്നു മാത്രമല്ല, ഭാഷയെ സംബന്ധിച്ചിടത്തോളം മൌലികത പോയിട്ട് പ്രാഥമികപരിജ്ഞാനം പോലുമില്ലാത്ത ആളാണ് ഇ എം എസ് എന്ന തോന്നലുളവാക്കുകയും ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഏ കെ ജിയുടെ ആത്മകഥയിൽനിന്ന്- 1936-37 കാലത്തെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ച്