ഏ കെ ജിയുടെ ആത്മകഥയിൽനിന്ന്- 1936-37 കാലത്തെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ച്








എൻ്റെ ജീവിതകഥ, ഏ കെ ഗോപാലൻ, ചിന്ത പബ്ലിഷേഴ്സ്, 2007, പേജ് 87-90




ഇക്കാലത്ത് കോൺഗ്രസ് സാഷ്യലിസ്റ്റ് പാർട്ടിയുടെ പരിപാടി എന്നായിരുന്നു? ഒരു സ്വതന്ത തൊഴിലാളി പാർട്ടിയാകുന്നതിനുപകരം അത് വെറുതെ ഗാന്ധിസത്തിന്റെയും മുതലാളിവർഗത്തിന്റെയും പൂറകെപ്പോയി. അത് വർഗസമരത്തിൽ നിന്നല്ല ദേശീയസമരത്തിൽനിന്നാണഅ ഉദ്ഭവിച്ചത്.

സംഘടനാപരമായി സാഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസ് പാർട്ടിയെപ്പോലെതന്നെയായിരുന്നു. കുറെ നേതാക്കളും അവർ പറയുന്നത് കേൾക്കുന്ന കുറെ അനുയായികളും. ഓരോരുത്തരും ഓരോ നേതാവായിരുന്നു. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിച്ചു. ഒരു പണിമുടക്കുണ്ടായാൽ എല്ലാവരും അവിടെ കൂടും. അത് കഴിഞ്ഞാൽ അവർ വേറാരിടത്തേക്ക് പോകും. കർഷകരുടെ ഇടയിൽ പ്രക്ഷോഭമുണ്ടായാൽ അവർ അവിടെ ചാടിവീഴും. അങ്ങനെ ഓരോ സമരമുണ്ടാകൂമ്പോൾ അതിനെ അഭിമുഖീകരിക്കും. ഈ സമരങ്ങളിൽനിന്നെല്ലാം ലഭി ക്കുന്ന പാഠങ്ങൾ പഠിക്കുകയോ അനുഭവപാഠങ്ങൾ കൈമാറുകയോ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. പ്രവർത്തകർക്ക് യാതൊരു പരിശീലനവും നൽകിയിരുന്നില്ല. ഇത്തരം സമരങ്ങളിൽനിന്ന് ഉയർന്നു വരുന്ന പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള യാതൊരേർപ്പാടും ഇല്ലായിരുന്നു. പാർട്ടി നേതാക്കൾക്കുപോലും ഇത് മനസിലാക്കാൻ കഴിഞ്ഞില്ല. പാർട്ടിക്ക് ചിട്ടയുള്ള ഒരാപ്പീസുണ്ടായിരുന്നില്ല. പ്രവർത്തകർക്ക് ചെയ്യേണ്ട ജോലി നിർദേശിച്ചുകൊടുക്കുക, അവരുടെ പ്രവൃത്തി ചെക്ക് ചെയ്യുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, അവ തിരുത്താൻ സഹായിക്കുക തുടങ്ങിയവയ്ക്കൊന്നും ഒരേർപ്പാടുമുണ്ടായിരുന്നില്ല. കെ പി സി സി യോഗത്തിന് ഒരു ദിവസം മുമ്പ് പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി കൂടും. സഖാവ് കൃഷ്ണപിള്ള എന്തെങ്കിലും താൽക്കാലികപ്രവർത്തനത്തെപ്പറ്റി സംസാ രിക്കും. ചിലർ കിടന്നുറങ്ങും. ചിലർ തിരിച്ച് വീട്ടിൽപ്പോകാനുള്ള പണത്തെപ്പറ്റി ചിന്തിക്കുകയായിരിക്കും. ഓരോരുത്തരും അവനവന്റെ വഴിക്കുപോകും. സ്വന്തം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പതിവുപോലുമൂണ്ടായിരുന്നില്ല. പൊതുവെ സംഘടനാപരമായ അരാജകത്വമായിരുന്നു എവിടെയും, പാർട്ടി നേതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ പരിചയമി ല്ലാതിരുന്നതിനാൽ അവർ ചിലപ്പോൾ കടുത്ത വാക്കുകൾകൊണ്ടും ചിലപ്പോൾ പ്രവർത്തകരോട് കോപിച്ചും ചിലപ്പോൾ അവരുടെ പൂറത്തുതട്ടി പ്രോൽസാഹിപ്പിച്ചും കാര്യങ്ങൾ എങ്ങനെയോ നടത്തിയിരുന്നു.

“ആദ്യം ഞങ്ങളുടെ പാർട്ടി പൂർണമായി സംഘടിപ്പിക്കപ്പെട്ട ഒരു സംഘടനയായിരുന്നില്ല. മറിച്ച്, കുറെ പ്രത്യേക സംഘങ്ങളുടെ ഒരു സമാഹാരമായിരുന്നു. അതിനാൽ ഈ സംഘങ്ങൾക്ക് തമ്മിൽ പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിന്റെ ബന്ധം മാത്രമേ സാധ്യമായിരുന്നുള്ളൂ. ഇപ്പോൾ ഞങ്ങൾ സംഘടിതമായ ഒരൊറ്റ പാർട്ടിയായിത്തീർന്നിരിക്കുന്നു. ഇതിനർഥം സംഘടനാപരമായ അധികാരം, ആശയങ്ങളുടെ ശക്തി, സംഘടനാപരമായ അധികാരശക്തിയാൽ കീഴ്ഘടകങ്ങൾ മേൽഘടകങ്ങൾക്ക് കീഴ്പെടൽ എന്നിവയൊക്കെയാണ്" എന്ന് പിളർപ്പിനുമുമ്പുള്ള സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയെപ്പറ്റി ലെനിൻ പറഞ്ഞത് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ചും ശരിയാണ്. മറ്റൊരാൾ ചെയ്യുന്നതെന്താണെന്ന് ഒരാൾക്കും അറിഞ്ഞുകൂടായിരുന്നു. ഓരോ പാർട്ടി യൂണിറ്റും ഒരാഴ്ചയിലൊരിക്കൽ കൂടുക, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക, തെറ്റുകൾ കണ്ടെത്തുക, സയം വിമർശനം നടത്തുക, ശരിയായ രാഷ്ട്രീയനയം ആവിഷ്കരിക്കുക തുടങ്ങിയ പരിപാടികൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. രാഷ്ട്രീയനയമോ പദ്ധതിയോ ഇല്ലാത്ത, കെട്ടുറപ്പില്ലാത്ത അസംഘടിതമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

ഇത് വ്യക്ത്യാധിപത്യത്തിനും വ്യക്തിവൈരാഗ്യങ്ങൾക്കും വഴിവെച്ചു. വർഗങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം വർഗസമരവും നിലനിൽക്കും. പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ മറ്റ് പാർട്ടികളുമായി സഹകരിക്കാനും സ്വാതന്ത്ര്യസമരത്തിൽ മുന്നേറാനും സാധിക്കും. സോഷ്യലിസത്തിനു മുമ്പ് വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വാതന്ത്യത്തിൽക്കൂടി സോഷ്യലിസത്തിന് ഒരു ഐക്യമുന്നണി ആവശ്യമായിരുന്നു-- ചില പാർട്ടിയംഗങ്ങൾക്കും നേതാക്കൾക്കും ഐക്യമുന്നണിയിൽ വിശ്വാസമേ ഉണ്ടായിരുന്നില്ല. ഈ വീക്ഷണം പൂർണമായി അംഗീകരിക്കാത്തവരെല്ലാം പിന്തിരിപ്പന്മാരെന്ന് മുദ്രയടിക്കപ്പെട്ടു. കോൺഗ്രസിലെ എല്ലാ ഇടത്തരക്കാരും പിന്തിരിപ്പന്മാരായി തള്ളപ്പെട്ടു കോൺഗ്രസ് നേതാക്കന്മാരായിരുന്ന വക്കീലന്മാർ, ഡോക്ടർമാർ തുടങ്ങിയവരുമായുള്ള എല്ലാ ഇടപാടുകളും-- അവർ സോഷ്യലിസത്തെ വെറുത്തിരുന്നു എന്നുള്ളത് സത്യമാണ്--സംശയത്തോടെ വീക്ഷിക്കപ്പെട്ടു.

ഇക്കാലത്ത് സഖാവ് ചന്ത്രോത്തും ഞാനും ഒന്നിച്ച് പണിയെടു ക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മുറുകി. ഞങ്ങൾ കോട്ടയം താലൂക്കിന്റെ ഉൾഭാഗങ്ങളിൽ ഒന്നിച്ച് പണിയെടുക്കുകയായിരുന്നു. ഡോ. ടി പി എൻ നായർ, ടി കെ നാരായണൻ തുടങ്ങിയ കോൺഗ്രസുകാരുമായും ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു. ഞങ്ങൾ അവരെ സാഷ്യലിസ്റ്റുകാരാക്കാമെന്ന് വ്യാമോഹിച്ചില്ല. പക്ഷേ അവരെ പുരോഗമനവാദികളായ കോൺഗ്രസുകാരായി മാറ്റാൻ കഴിയുമോ എന്ന് ശ്രമിച്ചുനോക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.

ഞങ്ങളുടെ സഹപ്രവർത്തകർ ഇതിഷ്ടപ്പെട്ടില്ല. അവർക്ക് ഞങ്ങളെ സംശയമായിരുന്നു. ഞങ്ങൾ പ്രത്യക്ഷത്തിൽ ഗാന്ധിസത്തെ ആക്രമിക്കാത്തതെന്താണെന്ന് അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ബൂർഷ്വാകളുടെ കൂലിക്കാരായി മാറിയെന്ന് അവർ വിചാരിച്ചു. അവരുടെ വിശ്വാസം രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുള്ളവരോട് സംസാരിക്കാൻപോലും പാടില്ലെന്നാണ്. സാഷ്യലിസ്റ്റ് പാർട്ടിയുടെ ശത്രുക്കളായിരുന്ന കോൺഗ്രസ് നേതാക്കളുടെ കൂടെ ഞാൻ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത് വളരെ പ്രയാസമായിരുന്നു. പക്ഷേ ഇപ്പോഴും അത് സാധ്യമാണെന്ന് ഞാൻ വിചാരിക്കുന്നു.ഒരിക്കൽ കോൺഗ്രസ് നേതാവും വക്കീലുമായ ഒരു സുഹൃത്തിന്റെ വീട്ടിൽ ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ സോഷ്യലിസ്റ്റ് പാർട്ടിയെ ശക്തിയായി കളിയാക്കി. ഞാനൊഴികെ എല്ലാവരും ഈ കളിയാക്കലിൽ കൂട്ടുചേർന്നു. എനിക്ക് വളരെ ദുഃഖം തോന്നി. കോപംകൊണ്ടുണ്ടായ കണ്ണീർ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു. എന്നാൽ ഞാൻ ആഹാരം കഴിച്ചു കൊണ്ടിരുന്നു. ഞാൻ മറ്റുള്ളവരോടൊപ്പം സംസാരിച്ചും കളിച്ചും ആ വീട്ടിൽ നിന്നിറങ്ങിപ്പോയി. ഒരാൾക്ക് സ്വന്തം നിലയെപ്പറ്റി ഉറപ്പുണ്ടെങ്കിൽ ശത്രുക്കളെപ്പോലും സംസർഗംകൊണ്ട് മാറ്റിയെടുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒന്നും വെട്ടിത്തുറന്ന് പറയാറില്ലെന്നും എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ചില പ്രവർത്തകർ പറയുന്നു. ഒരളവുവരെ ഇത് ശരിയായിരിക്കാം. കാരണം കൂടാതെ അനാവശ്യമായി ഞാൻ ആരെയും വിരോധിയാക്കാറില്ലെന്നതും സത്യമാണ്. ആ കുറ്റത്തിന് ഞാൻ ഉത്തരവാദിത്വമേൽക്കുന്നു. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനം എന്നെ ഈ രീതിയിലാക്കിയതാണ്. അത് പ്രവ്യത്തിയിൽ കൊണ്ടുവരുന്നതിൽ ഞാൻ പലപ്പോഴും വിജയിച്ചിട്ടുണ്ട്. തന്റെ മനസിലുള്ളതെന്തും പുറത്തു വിടുന്ന ഒരു വ്യക്തി എന്ന പേര് സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ, അതെളുപ്പമായിരുന്നു. എന്നാൽ നമ്മുടെ വാക്കുകളും പ്രവ്യത്തിയും മറ്റുള്ളവരിൽ വിശ്വാസം ജനിപ്പിക്കുന്നതിനെയും അങ്ങനെ അവ കൊണ്ട് നമ്മുടെ വീക്ഷണം അംഗീകരിപ്പിക്കുന്നതിനെയും ലക്ഷ്യമാക്കിയുള്ളതാവണം. ഈ ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഞങ്ങൾക്ക് പല നയങ്ങളും സ്വീകരിക്കേണ്ടിവരും. പ്രവർത്തകരുടെ നയമില്ലായ്മ നിമിത്തം അനേകമാളുകൾ ശത്രുക്കളാവുകയും അനേകം സ്ഥാപനങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയന്റെ ഭസ്മവും ചന്ദനക്കുറിയും ഗീതാജപവും കർഷകപ്രസ്ഥാനത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുള്ളതുപോലെ നിരീശ്വരത്വം കർഷകകമ്മിറ്റിയിൽ പ്രഖ്യാപിച്ച ഒരു സഖാവ് ആ കമ്മിറ്റിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി. പ്രത്യേകിച്ചും ഇടത്തരക്കാരുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ വളരെയധികം കരുതിയിരിക്കേണ്ടിയിരുന്നു. നാം അസാധാരണന്മാരൊന്നുമല്ലെന്നും സാമൂഹ്യ ജീവികളാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതായിട്ടുണ്ട്.


എന്തായാലും ഞങ്ങളുടെ സഖാക്കൾ ഞങ്ങൾക്കെതിരായി സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടെ പാർട്ടിബോധത്തെയും കൂറിനെയും അവർ സംശയിച്ചു. ഇത് വേദനാകരമായിരുന്നു. 

 ഇക്കാലത്ത് കണ്ടുമുട്ടിയവരിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തി സഖാവ് സി എച്ച് കണാരൻ ആയിരുന്നു. അദ്ദേഹം യുക്തിവാദത്തിൽ കൂടിയാണ് സോഷ്യലിസത്തിൽ വന്നത്. നിരീശ്വരവാദി എന്ന നിലയിൽ എഴുതാനും പ്രസംഗിക്കാനും കഴിവുണ്ടായിരുന്നു. നല്ല സംഘടനാസാമർഥ്യമുള്ള വളരെ നല്ലൊരു പ്രക്ഷോഭകാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. എനിക്ക് ഈ സഖാവിൽനിന്ന് അനേകം നല്ല കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

എന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായം ആരംഭിച്ചു. പെട്ടെന്നുണ്ടായ ഒരു സംഭവത്തിൽ കോപിച്ച് സഖാവ് ചന്ത്രാത്തും ഞാനും സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്ന് രാജിവച്ചു. ഞങ്ങളുടെ നയത്തിലോ പ്രവ്യത്തിയിലോ ഉള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചുതന്ന് അവ തിരുത്താനുള്ള കഴിവ് അന്നത്തെ പാർട്ടി നേത്യത്വത്തിനില്ലായിരുന്നു. മറുവശത്ത്, തിടുക്കത്തിൽ രാജിവക്കുന്നതിനുപകരം പ്രശ്നം നേതാക്കളുടെ അടുത്ത് കൊണ്ടുചെല്ലാനോ അവരുടെ മുന്നിൽവച്ച് വാദിച്ച് കാര്യങ്ങൾ ശരിയാക്കാനോ ഉള്ള പാകത ഞങ്ങൾക്കും ഉണ്ടായിരുന്നില്ല. നീണ്ടകാലം ഞങ്ങൾ സേവിച്ചിരുന്ന ആദർശത്തോടും വർഗത്തോടുമുള്ള ഞങ്ങളുടെ കൂറ് സഹപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ കോപിക്കുകയും ദുഃഖിക്കുകയും ചെയ്തു. എന്നാൽ അതിന്റെ മറുപടി രാജിവയ്ക്കലായിരുന്നില്ല. രാജിവയ്ക്കൽവഴി ഞങ്ങൾ പാർട്ടി ശത്രുക്കളുടെ കെണിയിൽ വീഴുകയും മനസറിയാകെ പാർട്ടിവിരുദ്ധപ്രവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്തു എന്ന് പിന്നീട് അനുഭവത്തിൽനിന്ന് പഠിച്ചു. ഞാൻ തത്ത്വങ്ങളിൽ നിന്നല്ല, അനുഭവത്തിൽ നിന്നാണ് കാര്യങ്ങൾ പഠിച്ചത്. ഈ ദൗർബല്യംകൊണ്ടാണ് എനിക്ക് തെറ്റു കൾ പറ്റുന്നതെന്നത് ഒരു വസ്തുതയാണ്.

രാജിവച്ചത് ഒരു മടയത്തരമായിപ്പോയെന്ന് ഞങ്ങൾ കണ്ടെത്തി. ഏതായാലും പാർട്ടിയിൽ ചേരാൻ വീണ്ടും തീരുമാനിച്ചു. പക്ഷേ, ഫലമുണ്ടായില്ല. എന്റെ സഹപ്രവർത്തകരിൽ ചിലരുടെ രാഷ്ട്രീയപക്വത അത്തരത്തിലുള്ളതായിരുന്നു.
പാർട്ടിക്കകത്തെ പരസ്പരമൽസരത്തിൽനിന്നും അപവാദവ്യവ സായത്തിൽനിന്നും മാറിനിന്ന് പാർട്ടി പ്രോഗ്രാം നടപ്പിൽ വരുത്താൻ ഞാൻ തീരുമാനിച്ചു; പാർട്ടിയിൽ ഒരു ചെറിയ പിളർപ്പുണ്ടായിരുന്നു. പാർട്ടി ശത്രുക്കൾ, പാർട്ടി പിളർപ്പ് ചൂഷണം ചെയ്യുന്നത് തടയാനും പാർട്ടി അണികളിലുള്ള ചർച്ചകൾവഴി പിളർപ്പ് വലുതാകുന്നത് തടയാനും ഒരു പുതിയ പ്രസ്ഥാനം ആവശ്യമാണെന്ന് ഞങ്ങൾ ചിന്തിച്ചു. ഞങ്ങൾക്ക് കുറഞ്ഞപക്ഷം അത്രത്തോളം പാർട്ടിബോധമെങ്കിലും ഉണ്ടായിരുന്നു.

[പട്ടിണിജാഥയിലേയ്ക്കു നയിച്ച സാമൂഹ്യസന്ദർഭമാണ് തുടർന്നു വിവരിക്കുന്നത്.]

അന്നത്തെ അടിയന്തര പ്രശ്നങ്ങൾ പട്ടിണിയും തൊഴിലില്ലായ്മയുമായിരുന്നു. ആണ്ടുതോറും യൂണിവേഴ്സിറ്റികളിൽനിന്ന് പുറത്തുവരുന്ന അനേകം ബിരുദധാരികൾ തൊഴിലില്ലാതെ വിഷമിക്കുകയായിരുന്നു. വീട്ടിനും നാട്ടിനും ഉപകാരമില്ലാതെ, തനിക്കുതന്നെ ഭാരമായ അവർ നിരാശരും വിശന്നുവലഞ്ഞവരും ആയിരുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതവും ഇതുതന്നെയായിരുന്നു. എല്ലാ വലിയ പട്ടണങ്ങളിലും അനേകായിരങ്ങൾ പട്ടിണി കിടക്കുന്നുണ്ടായിരുന്നു. 

എന്നാൽ താൻ പട്ടിണി കിടക്കുകയാണെന്ന് സമ്മതിക്കാൻ ആരും തയ്യാറുണ്ടായിരുന്നില്ല. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ യുവജനങ്ങൾ അത് സമ്മതിക്കുമായിരുന്നില്ല. സ്വന്തം കുറ്റംകൊണ്ടാണ് പട്ടിണി കിടക്കുന്നതെന്ന ഭാവമായിരുന്നു അവർക്ക്. ഇന്നത്തെ സാമൂഹ്യഘടനയുടെ കുറ്റം കൊണ്ടാണ് പട്ടിണി കിടക്കേണ്ടിവരുന്നതെന്ന് അവർ കരുതിയില്ല. ആ സാമൂഹ്യഘടന അടിച്ചുടയ്ക്കാനുള്ള സമരത്തിൽ പങ്കുചേരുന്നതാണ് അവരുടെ കടമയെന്നും അവർ മനസിലാക്കിയില്ല.

എന്റെ സുഹൃത്തായ ഒരു ബിരുദധാരി തന്റെ അനുകമ്പാർഹമായ അവസ്ഥയെപ്പറ്റി എന്നോട് സംസാരിച്ചു. അയാൾ ഒരു ചെറിയ കർഷക കുടുംബത്തിലെ അംഗമായിരുന്നു. അയാളുടെ വിദ്യാഭ്യാസച്ചെലവി നായി അയാളുടെ മുഴുവൻ വസ്തുവും വിറ്റുപോയി. അയാൾ കോളേജിൽനിന്ന് പുറത്തുവന്നാൽ ഒരു മുൻസിഫോ മജിസ്ത്രേട്ടോ ആകുമെന്ന് അവർ കരുതിയിരുന്നു. അച്ഛനും അമ്മയ്ക്കും അയാളെ വലിയ കാര്യമായിരുന്നു. അയാൾ അവധിക്കാലത്ത് വീട്ടിൽ വരുന്നത് മാതാപിതാക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു. അയാൾ ഒന്നാം സ്ഥാനത്തുതന്നെപാസായി. ജോലിക്കുവേണ്ടി ഒരു വർഷക്കാലം അങ്ങുമിങ്ങും പാഞ്ഞു നടന്നു. എല്ലാം ആപ്പീസുകളുടെയും പടിവാതിൽക്കൽ മുട്ടിനോക്കി. “മുട്ടുവിൻ തുറക്കപ്പെടും" എന്ന വാക്യം അയാളുടെ കാര്യത്തിൽ ശരിയല്ലെന്ന് തെളിയിക്കപ്പെട്ടു. അയാൾ വീട്ടുകാർക്ക് ഒരു ഭാരമായി മാറി. അവർ അയാളെ വെറുത്തു. അയാൾ വീട്ടിൽനിന്ന് പോകണം എന്ന് അവർ പരസ്യമായി പറഞ്ഞു. ഇങ്ങനെയുള്ള അനേകം ബി എക്കാരും സ്കൂൾ ഫൈനൽക്കാരും ഞങ്ങളുടെ പട്ടിണിപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. എന്നാൽ കൊടിപിടിക്കാനോ “പട്ടിണി നശിക്കട്ടെ" എന്ന് ഉറക്കെ വിളിച്ചുപറയാനോ അവർ തയ്യാറായില്ല. മിഥ്യാഭിമാനം അവരെ അതിന് അനുവദിച്ചില്ല. അവർ പ്രസ്ഥാനത്തിന്റെ വിജയത്തിനായി കാത്തിരുന്നു. തൊഴിലില്ലാത്തവരുടെ കമ്മിറ്റികൾ രൂപീകരിച്ചു. ഇത്തരം കമ്മിറ്റികൾ കതിരൂരിലും മറ്റു സ്ഥലങ്ങളിലും ഉണ്ടായി. തലശേരി കലക്ടറുടെ അടുത്തേക്ക് ഒരു പട്ടിണിജാഥ നയിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഈ പുതിയ നീക്കം എല്ലാവരെയും ആകർഷിച്ചു. പാർട്ടിപ്രവർത്തകർ ഈ പ്രസ്ഥാനത്തിൽ ഞങ്ങളോട് സഹകരിക്കാൻ തുടങ്ങി. പ്രചാരണത്തിനായി പൊതുയോഗങ്ങൾ കൂടി. ഒടുവിൽ കലക്ടറെ കാണാനായി കൂത്തുപറമ്പിൽനിന്ന് ഒരു ജാഥ പുറപ്പെട്ടു.

കല്യാശേരിയിൽനിന്ന് സഖാവ് കെ പി ആറിന്റെ നേതൃത്വത്തിൽ പുറപ്പെട്ട ഒരു സംഘം കാൽനടയായി സഞ്ചരിച്ച് കൂത്തുപറമ്പിലെത്തി. ആയിരത്തോളം പേർ വരുന്ന ഒരു ജാഥ കൂത്തുപറമ്പിൽനിന്ന് പുറപ്പെട്ടൂ. അത് തലശേരിയിൽ എത്തിയപ്പോഴേക്കും വളരെ വലുതായി.

സബ്കലക്ടർ ജാഥയെ സ്വീകരിച്ചു. അതിന്റെ പ്രതിനിധികളായ ഞങ്ങളോട് സംസാരിച്ചു. അവർ ഒരു വലിയ സംഘം പൊലീസിനെ തയ്യാറാക്കി നിർത്തിയിരുന്നു. തന്നാൽ ആവുന്നതെല്ലാം ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രശ്നം നമ്മൾ ഗവൺമെൻറിനെ ബാധിക്കുന്നതാകയാൽ താൻ ഗവൺമെൻറിനെഴുതാം എന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുസ്തക നിരൂപണം: നമ്മുടെ ഭാഷ, ഇ എം എസ് നമ്പൂതിരിപ്പാട്, കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്, 2006.